about

mary immaculate church chethicode

2013, ഏപ്രിൽ 30, ചൊവ്വാഴ്ച

മേരി ഇമ്മാക്കുലേറ്റ് ചര്‍ച്ച് ചെത്തിക്കോട്

   ചെത്തിക്കോട് പരിശുദ്ധ കന്യകാമാതാവിന്‍റെ ദേവാലയത്തെ കുറിച്ചുള്ള  ചരിത്രം                                                        
                                                                             മറ്റ് ഏതൊരു കേരളീയ ഗ്രാമവും പോലെ നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലും  നൂറ്റാണ്ടിന്‍റെ പൂര്‍വ്വഖണ്ഡത്തിലും ചെത്തിക്കോട് ,കുന്നപ്പിള്ളി ,മീമ്പള്ളി ഊഴക്കോട് ,ആരക്കുന്നം എന്നീ പ്രദേശങ്ങളില്‍ നിവസിച്ചിരുന്നവര്‍ തികച്ചും കാര്‍ഷികവ്യത്തി അടിസ്ഥാനമാക്കിയാണ് ജീവിച്ചിരുന്നത് .ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഇവര്‍ പാടശേഖരങ്ങള്‍ക്ക് അടുത്തായി ഭവനങ്ങള്‍ ഉണ്ടാക്കി അതില്‍ ജീവിച്ചുപോന്നു .സമൂഹത്തില്‍ ഉന്നതമായ സ്ഥാനമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത് .
                          ക്രിസ്തീയ പാരമ്പര്യത്തില്‍ പള്ളിയുമായുള്ള ബന്ധം അതിരറ്റതായിരുന്നു .ഞായറാഴ്ചകളിലും പ്രധാനപെട്ട ദിവസങ്ങളിലും കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള ആഗ്രഹം ഏതൊരു ക്രിസ്ത്യാനിയിലും തീവ്രമായിരുന്നു .
                         അക്കാലത്ത് ഈ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന സുറിയാനി  കത്തോലിക്കര്‍ ആമ്പല്ലൂര്‍ പള്ളിയില്‍ പോയിട്ടാണ് ആത്മീയമായ കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് .ഇവിടെ ഇന്നു കാണുന്ന പോലെ റോഡുകളോ ,മറ്റു പാതകളോ ഉണ്ടായിരുന്നില്ല .നീണ്ടുകിടക്കുന്ന വയലുകളോട് ചേര്‍ന്ന്‍ താമസിച്ചിരുന്ന വിശ്വാസികള്‍ പാടത്തുള്ള വരമ്പുകളിലൂടെ ആണ് പള്ളിയില്‍ പോയിരുന്നത് .കാലവര്‍ഷത്തില്‍ ചെളിയും മറ്റും ചവുട്ടി ആണ് ആമ്പല്ലൂര്‍ പള്ളിയില്‍ പോകുവാന്‍ കഴിഞ്ഞുള്ളൂ.വളരെ ദൂരം യാത്രചെയ്തു മാത്രമെ അവിടെ എത്താന്‍ കഴിഞ്ഞുള്ളൂ.ഇങ്ങനെ പോകുന്നതിനു ഇവിടെ ഒരു പള്ളി സ്ഥാപിച്ചാല്‍ പരിഹാരം ആകുമല്ലോ എന്നുള്ള വിചാരത്താല്‍ വിഖ്യാതനായ  മണിയംകോട്ട് കൈതക്കോട്ടില്‍ ഐപ്പ് ഉലഹന്നാന്‍ അവര്‍കള്‍ തന്‍റെ മാത്യസഹോദരന്‍ എഴുപുന്ന പാറായില്‍ വര്‍ക്കി തരകനുമോത്തു നാലുവശത്തും കണ്ണുകള്‍ക്ക്‌ ആനന്ദം നല്‍കിയിരുന്ന പച്ച വിരിച്ച നെല്പാടങ്ങളും  അതിനോട് ചേര്‍ന്ന വെള്ളകസവണിഞ്ഞ തോടുകളും ,നേരെ പടിഞ്ഞാറോട്ട് നോക്കിയാല്‍ തലപള്ളിയയ ആമ്പല്ലൂര്‍ പള്ളിയും എല്ലാം കൊണ്ടും പ്രകൃതിരമണീയമായ ആട്ടുകുന്ന്‍ പ്രദേശം പള്ളിപണിക്കായി എഴുതി വാങ്ങിച്ചു അതിരുകളില്‍ കല്ലുകള്‍ വെട്ടിച്ച് ശേഖരിക്കുകയും അവരിരുവരും കൂടി പള്ളിമെലെധ്യക്ഷനെ കണ്ടു പള്ളിപണിക്കുള്ള അനുമതിക്കായി  ശ്രമിച്ചെങ്കിലും ആ ശ്രമം സഫലമായില്ല .തുടര്‍ന്ന്‍ ഈ പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിച്ചു അവര്‍ നിര്‍വ്യതി പൂണ്ടു .തുടര്‍ന്ന്‍ പള്ളിപണിക്കായി മറ്റൊരു സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു .ഏതാണ്ട് രണ്ട് ദശാബ്ദത്തോളം എത്തിയ അന്വേഷണതിനോടുവില്‍ പള്ളിപണിക്ക് ഏതാണ്ട് യോജിച്ച സ്ഥലം കുഴിയമ്പുനത്ത് തക്കെ കാപ്പില്‍ ഉലഹന്നാന്‍റെ കൈവശം ഉണ്ടെന്നു മനസിലായി .വിദൂരാവസ്ഥയും ,പിന്തുടര്ചാവകാശികള്‍ ഇല്ലാത്തതിനാലും അദ്ദേഹത്തെ സമീപിച്ചു കാര്യങ്ങള്‍ ബോധ്യപെടുത്തി അദ്ദേഹത്തില്‍നിന്നും ആ സ്ഥലം പള്ളി പണിയുന്നിതിനു വേണ്ടി എഴുതി വാങ്ങി .അതിനുശേഷം ഏറണാകുളം രൂപതാദ്ധ്യക്ഷന്‍ ആയിരുന്ന പഴയപറമ്പില്‍ ളൂയിസ് പിതാവിനെ ചെന്നുകണ്ട് പള്ളി പണിയുന്നതിനു വേണ്ടിയുള്ള ആഗ്രഹം അറിയിച്ചു.പള്ളി പണിയുന്നതില്‍ സന്തോഷചിതനായ  പിതാവ്‌ പത്രമേനി ഹാജരാക്കാന്‍ ആവശ്യപ്പെട്ടു .പത്രമേനി വസ്തു മണിയംകോട്ടു പറവൂര്‍ മാളികയില്‍ ജോസഫ്‌ ബഹുമാനപ്പെട്ട ളൂയിസ് പിതാവിന്‍റെ പേരില്‍ എഴുതി രജിസ്റ്റര്‍ ചെയ്തുകൊടുത്തു .തുടര്‍ന്ന്‍ അരമനയില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം അന്ന്‍ തെക്കന്‍ പറവൂര്‍ പള്ളി വികാരിയായിരുന്ന ബഹു.ജോസഫ്‌ കട്ടിക്കാരനച്ചന്‍ ഇവിടെ വന്നു വസ്തു നോക്കി മേലാദായം കണ്ടു ബോധിച്ച് പിതാവിന് റിപ്പോര്‍ട്ട്‌ കൊടുത്തു .തുടര്‍ന്ന്‍ പിതാവ്‌ പള്ളി പണിയുന്നിതിനുള്ള അനുവാദം കൊടുക്കുകയും"" നസ്രത്ത്'' പള്ളിയെന്നു നാമകരണം ചെയ്യുകയും ചെയ്തു .
                                                   തുടര്‍ന്ന്‍ 1915 നവംബര്‍  15 നു  പള്ളി പണിക്ക് കല്ലിട്ട് പള്ളി പണി ആരംഭിച്ചു .മണിയംകോട്ട് കൈതക്കൊട്ടില്‍ ഐപ്പ് ഉലഹന്നാനും അദ്ദേഹത്തിന്‍റെ പുത്രന്മാരും ഗീവര്‍ഗീസ്,ജോണ്‍ എന്നീ പുരോഹിതന്മാരും ചേര്‍ന്ന്‍ ഒരുവര്‍ഷം കൊണ്ട് പള്ളി പണി പൂര്‍ത്തിയാക്കി .1916 നവംബര്‍ 30 തീയതി ആശിര്‍വാദവും പ്രഥമദിവ്യപൂജയര്‍പ്പണവും നടത്തി .ആകെക്കൂടി 33 വീട്ടുകാരെ അന്ന് ഉണ്ടായിരുന്നുള്ളൂ .പള്ളിപണി പൂര്‍ത്തിയായതിനെതുടര്‍ന്ന്‍ ആട്ടുകുന്നില്‍ സ്ഥാപിച്ചിരുന്ന സ്കൂള്‍ പൊളിച്ച് പള്ളിയോട് ചേര്‍ന്ന് ഇന്നുള്ള സ്കൂള്‍ആയി പരിണമിച്ചു .പിന്നീട് സ്കൂള്‍ ചുമതല പള്ളി ഏറ്റുഎടുക്കുകയും ചെയ്തു .മണിയംകോട്ട് കൈതക്കൊട്ടില്‍ കുരുവിള ജോണ്‍ പ്രധാനഅധ്യാപകന്‍ ആയി 15-5-1921 മുതല്‍  31-2-1953 വരെ തുടരുകയും ചെയ്തു .
                                             പള്ളിപണിക്ക് വേണ്ടതെല്ലാം ചെയ്യുകയും തന്‍റെ പുത്രന്മാരായ പുരോഹിതന്‍മാരുടെ വസ്തുക്കള്‍ വില്പത്രപ്രകാരം പള്ളിക്ക്  കൊടുക്കാന്‍ ഉപദേശിക്കുകയും ചെയ്ത കൈതക്കൊട്ടില്‍ ഐപ്പ് ഉലഹന്നാനും പള്ളിക്ക് വേണ്ടുന്ന സ്ഥലം വിട്ടുകൊടുക്കുകയും പള്ളി പണി പെട്ടന്ന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത തക്കെ കാപ്പില്‍ ഉലഹന്നാനും 1918 ല്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു .ഇരുവരുടെയും മ്യത ദേഹങ്ങള്‍ പള്ളിയകത്തു തന്നെ സംസ്കരിച്ചു അവരോടുള്ള ആദരവ്‌ പ്രകടമാക്കി .
                                        ചുറ്റും വനപ്രദേശമായി കിടന്നിരുന്നതും കുറുക്കന്മാര്‍,കേഴ ,കാട്ടുപന്നി ,പാമ്പ് ,പെരുച്ചാഴി ,മുതലായ വന്യജീവികള്‍ വിഹരിചിരുന്നതും പകല്സമയതും ആളുകള്‍ക്ക് ഏകനായി ഈ വഴിയില്കൂടി നടക്കുവാന്‍ സാധിച്ചിരുന്നില്ല മണിയംകോട്ട് യോഹന്നാന്റെ നിരന്ധരമായ പരിശ്രമമായി ആമ്പല്ലൂര്‍ നിന്നും ആരക്കുന്നം പ്രദേശതേക്ക് ഒരു റോഡ്‌ നിര്‍മ്മിക്കുവാന്‍ അനുവാദം ലഭിച്ചു .തുടര്‍ന്ന് ചെത്തിക്കോട് പള്ളിക്ക് മുന്‍വശത്തുകൂടി പോകതക്ക വിധത്തില്‍ ഒരു റോഡ്‌ നിര്‍മ്മിക്കുകയും പള്ളിയുടെ മുന്ബിലായി ഇരുവശത്തും തെങ്ങ്,മാവ്‌ ,തേക്ക് ,പ്ലാവ്‌ മുതലായവ വച്ചുപിടിപ്പിക്കുകയും ചെയ്തു .ഏതാണ്ട് പതിനഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ചെത്തിക്കോട് പള്ളിയുടെ മുഖം ആകെ മാറിയെങ്കിലും അസൂയാലുക്കളായ ചില ആളുകളുടെ നിരന്തരപ്രവര്‍ത്തനങ്ങളില്‍ മനംനൊന്ത്‌ അരമനയില്‍നിന്ന്‍ അനുവാദം വാങ്ങി അദ്ധേഹം മൂവാറ്റുപുഴ  പള്ളിയിലേക്ക് മാറ്റം വാങ്ങി പോയി .തുടര്‍ന്ന് കുറച്ചുകാലം ഇടവക ഭരണം ആമ്പല്ലൂര്‍ പള്ളിയുടെ കീഴില്‍ ആയി ,സ്കൂള്‍ റിക്കാര്‍ഡുകള്‍ എല്ലാം തന്നെ ആമ്പല്ലൂര്‍ പള്ളിയിലെക്ക് കൊണ്ടുപോകുകയും ചെയ്തു അങ്ങനെ ഏതൊരു ആവശ്യത്തിനും അധ്യാപകര്‍ക്ക്‌ ആമ്പല്ലൂര്‍ പോകേണ്ടി വരികയും ചെയ്തു അതുമൂലം ദുഖ ഹൃദയരായ ഇടവകജനങ്ങള്‍ അന്ന് കണ്ടനാട് ഉണ്ണിമിശിഹാ പള്ളിയില്‍ വികാരിയായിരുന്ന ബഹു.മണിയംകൊട്ട് ഗീവര്‍ഗീസ് അച്ചനെ ചെന്നുകാണ്‌കയും.അദ്ദേഹതെ ഇങ്ങോട്ട് കൊണ്ടുവരുകയും ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തു .
                                       സ്വപിതാവിന്ടെ പരിശ്രമത്താല്‍ നിര്‍മ്മിതമായതും സ്വസഹോദരനാല്‍ വളര്‍ത്തിയെടുത്തതുമായ പള്ളിയെ തുടര്‍ന്ന് മേല്‍ക്കുമേല്‍ ഉന്നതി പ്രാപിപ്പിക്കുന്നതിനുമായി അദ്ദേഹം പിതാവിന്‍റെ അനുവാദത്തോടെ ഇങ്ങോട്ട് വരികയും ചെയ്തു .അദ്ദേഹത്തിന്‍റെ പരിശ്രമഫലമായി ഒരു ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ "സെ.ജോസെഫ്സ്‌ ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ എന്ന പേരില്‍ കൊച്ചി ഗോവെര്‍ന്മേന്റില്‍ നിന്ന് അംഗീകരിപ്പിച് ഗ്രാന്‍റ് അനുവദിപ്പിക്കുകയും ചെയ്തു കൂടാതെ ചെത്തിക്കോട് പ്രദേശത്തിന്‍റെ പുരോഗതിക്കായി ജനങ്ങളുടെ ഉന്നമനത്തിനായും 1938 ല്‍ 389നാം നമ്പര്‍ ആമ്പല്ലൂര്‍ ഗ്രൂപ്പ്‌ വില്ലേജ് ഗ്രാമോഥാരണ പരസ്പര സഹകരണ സംഘം സ്ഥാപിച്ചു അതില്‍ ആദ്യ അംഗമാവുകയും ചെയ്തു .ഈ സംഘതിനായി പള്ളിയില്‍നിന്നു ഒരു ഏക്കര്‍  സ്ഥലം എഴുതികൊടുക്കുകയും സംഘം പ്രവര്‍ത്തിക്കുവാനുള്ള കെട്ടിടവും സ്ഥാപിക്കുവാനുള്ള സഹായവും ചെയ്തു നാടിനെ ഉന്നതിയില്‍ എത്തിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു 
രാജ്യത്ത് സഹകരണ പ്രസ്ഥാനം ആരംഭിച്ച സമയത്ത് തന്നെ ഇവിടെയും തുടങ്ങാന്‍ സാധിച്ചു എന്നതില്‍ നമുക്ക് അഭിമാനിക്കാം 
                                    മൂവാട്ടുപുഴയിലേക്ക് സ്ഥലം മാറ്റം വാങ്ങി പോയ മണിയംകൊട്ട് യോഹന്നാന്‍ അച്ചന്‍ വിശ്രമാര്‍ത്ഥം ചെത്തിക്കോട് പള്ളിയിലേക്ക് തിരിച്ചുവരികയും തുടര്‍ന്ന് രോഗബാദിതനായ അദ്ദേഹം ഇഹലോകവാസം വെടിയുകയും ചെയ്തു .അക്ഷരാര്‍ത്ഥത്തില്‍ ചെത്തിക്കോട് കണ്ണീരണിഞ്ഞ ദിനങ്ങള്‍ ആയിരുന്നു അന്ന് .1950 ല്‍ കര്‍മ്മനിരതനായിരുന്ന ബഹു.ഗീവര്‍ഗ്ഗീസ് അച്ഛനും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു .ഇരുവരുടെയും  ശരീരങ്ങള്‍ വേണ്ടുന്ന ബഹുമാനത്തോടെ പള്ളിക്കകത്ത് സംസ്കരിച്ചു .മണിയംകൊട്ട് ഗീവര്‍ഗ്ഗീസ് അച്ചന്റെ നിര്യാണത്തിനു ശേഷം മണിയംകൊട്ട് കൊച്ചുയോഹന്നാന്‍ അച്ചന്‍ പള്ളിവികാരിയാകുകയും പള്ളിയുടെ നാനാവിധമായ പുരോഗധിക്കായി വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്തു .പള്ളിയുടെയും കുരിശിന്‍ തോട്ടിയുടെയും ഇടയ്ക്ക് കടമുറികള്‍ പണിതത് ഇദ്ദേഹം ആണ് 
                                 തുടര്‍ന്ന ഇടവകവികാരിയായി വന്നത് ബഹു.പത്രോസ്സച്ചന്‍ ആയിരുന്നു .അദ്ദേഹം നല്ലൊരു ആത്മീയ ഗുരുവായിരുന്നു .1966 ല്‍ പള്ളിയുടെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചത് അദ്ദേഹത്തിന്‍റെ കാലത്താണ് 
                                  പിന്നീട് വന്ന സേവ്യര്‍ കിടെങ്ങേല്‍ അച്ചന്‍ നല്ലൊരു സംഘാടകന്‍ ആയിരുന്നു .അച്ചന്റെ നേതൃത്വത്തില്‍ ഇടവകയില്‍ വിന്സെന്റ് ഡി പോള്‍ ആരംഭിച്ചു .അങ്ങനെ സഖ്യത്തിന്റെ പ്രവര്‍ത്തനം ഇടവകയിലും നാടിനും വളരെ ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിച്ചു .
                               തുടര്‍ന്നുവന്ന സെബാസ്റ്റ്യന്‍ ഐരൂക്കാരന്‍ അച്ചന്‍  പരിചയസമ്പന്നനായ ഒരു വികാരിയായിരുന്നു ചെത്തിക്കോട് പോസ്റ്റ്‌ആഫീസ്  ഇവിടെ നിന്നും  മാറ്റുന്നിതിനുള്ള ശ്രമം തടയിട്ടതും അച്ചന്‍ആയിരുന്നു .
                               പിന്നീട് വന്ന പോള്‍ ഇലവുംകൂടി അച്ചന്‍ കാതോലിക് യൂത്ത്‌ ഫെഡറേഷന്‍ പ്രവര്‍ത്തങ്ങള്‍ വളരെ ഉഷാറാക്കി .അച്ചനാണ് പള്ളിക്ക് ആദ്യമായി മൈക്ക് സെറ്റ്‌ വാങ്ങിയത്.
                                അതിനുശേഷം വന്ന ജോസഫ്‌ ഭരണികുളങ്ങര അച്ചന്‍ എല്ലാ കാര്യങ്ങളിലും വളരെ കൃത്യനിഷ്ട പാലിക്കുന്ന ഒരാളായിരുന്നു .ചെത്തിക്കോട് പള്ളിയുടെ കീഴ്പള്ളിയായിരുന്ന ആരക്കുന്നം സെ.ജോസെഫ്സ്‌ പള്ളിക്ക് തറക്കല്ലിട്ടതും പണിയാരംഭിച്ചതും അച്ചന്റെ കാലത്തായിരുന്നു .
                              തുടര്‍ന്നുവന്ന ബഹു.തോമസ്‌ പുതിയവെളിയില്‍ അച്ചന്റെ കാലത്തായിരുന്നു ആരക്കുന്നം  സെ.ജോസെഫ്സ്‌ പള്ളിയുടെ പണി പൂര്‍ത്തിയാക്കിയതും വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചതും ദുഖവെള്ളിയാഴ്ച ചെത്തിക്കോട് പള്ളിയില്‍ നിന്നും പരിഹാരപ്രദക്ഷിണം ആദ്യമായി നയിച്ചതും അച്ചന്റെ കാലത്താണ് .ചെത്തിക്കോട് പള്ളിയുടെ പടിഞ്ഞാറെ വശത്ത് കാണുന്ന മനോഹരമായ കപ്പേള പണികഴിപ്പിച്ചതും
 ഇദ്ദേഹത്തിന്‍റെ കാലത്താണ് .
                                തുടര്‍ന്നുവന്ന പോള്‍ ചെമ്പോത്തനായില്‍ അച്ചന്‍ നല്ലൊരു ആത്മീയ ഗുരുവായിരുന്നു .ഞായറാഴ്ചകളിലെ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ നല്ലൊരു ആത്മീയ ഉണര്‍വ് നല്‍കിയിരുന്നു .അച്ചന്റെ കാലത്ത് kcym,c.l.c.,തിരുബാലസഖ്യം മുതലായ സംഘടനകള്‍ ശക്തി പ്രാപിച്ചു വന്നു .
                              തുടര്‍ന്ന് വന്ന ജെയിംസ്‌ പള്ളിപറമ്പില്‍ അച്ചന്‍ ദീര്‍ഘകാലം ഇവടെ സെവനമാനുസ്ടിച്ചു അച്ചന്റെ കാലത്താണ് പള്ളിയുടെ രണ്ടേക്കര്‍ സ്ഥലം സൌഖ്യസദന് കൊടുത്തു അവിടെ സൌഖ്യസദന്‍റെ നവീന മാതൃകയിലുള്ള കെട്ടിടം പണികഴിപ്പിച്ചതും സെമിത്തേരിക്ക് ചാപ്പല്‍ പണികഴിപ്പിച്ചതും അച്ചനായിരുന്നു.
                          പിന്നീട് വന്ന ബഹു.പോള്‍ പാലാട്ടിഅച്ചന്‍ ഒരു ചിത്രകാരന്‍ എന്നതിലുപരി നല്ലൊരു പ്രാസംഗികന്‍ ആയിരുന്നു അച്ചന്റെ ദൈവവചനത്തിലൂന്നിയുള്ള പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു .
                           തുടര്‍ന്ന് വന്ന ജോസ്‌ കാരാച്ചിറ അച്ചന്‍ ജനങ്ങളില്‍ സാഹോദര്യം വളര്‍ത്തുന്നതില്‍ വളരെ പങ്കു വഹിച്ചു .
                           തുടര്‍ന്ന് വന്ന ഫാ.ബെന്നി പാറേക്കാട്ടില്‍ അച്ചന്‍ ആണ് ആരക്കുന്നം കവലയില്‍ ഉള്ള മനോഹരമായ കപ്പേള പണികഴിപ്പിച്ചത്.ഇടവകജനങ്ങലുടെ മനസ്സറിഞ്ഞ അച്ചന്‍  പള്ളി പണിക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചു .അദ്ദേഹം ഇവെടെനിന്നും സ്ഥലം മാറിപോയത്കൊണ്ട് പ്രവര്‍ത്തനം തുടരാന്‍ കഴിഞ്ഞില്ല.
                      പിന്നീട് വന്ന തോമസ്‌ തറയില്‍ അച്ചന്‍ പള്ളിനിര്‍മ്മാണത്തിന് വേണ്ടി നടപടികള്‍ ആരംഭിക്കുകയും നല്ലൊരു തുക സമാഹരിക്കുകയും ചെയ്തു .ബഹു.എടയന്ത്രത്ത് പിതാവ്‌ ശിലാസ്ഥാപനം നടത്തുകയും അതോടനുബന്ധിച്ച് കുടുംബ യൂണിറ്റുകളുടെ പ്രധാമാവാര്ഷിക സമ്മേളനം നടത്തുകയും ചെയ്തു.
                      ശേഷം വന്ന ബഹു.ജെയിംസ്‌ പെരേപ്പാടന്‍ അച്ചന്‍ ഇറ്റലിയിലെ ഇന്ത്യന്‍ കത്തോലിക്കരുടെ നാഷ്ണല്‍ കോ ഓര്‍ഡിനേറ്റര്‍ ആയി 7 വര്ഷം പ്രവര്‍ത്തിച്ചതടക്കം 11 വര്‍ഷത്തെ സഹവാസം ജോണ്‍ പോള്‍ മാര്‍പാപ്പയുമായി ഉണ്ടായിരുന്നു അച്ഛന്റെ കാലത്ത്‌ പുതിയ പള്ളിയുടെ ഉദ്ഘാടനം2005ഓഗസ്റ്റ്‌  15നു മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തില്‍ നടത്തി .പൂര്‍വികരുടെ ഇടവകയായിരുന്ന ആമ്പല്ലൂര്‍ .പള്ളിയില്‍ നിന്നും ഇടവകാങ്ങങ്ങളുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണവും പിതാവ്‌ നേരിട്ട് നടത്തി .പള്ളി പണിക്കായി മറ്റു പള്ളികളില്‍ നിന്നും ഫണ്ടുകള്‍ ശേഖരിക്കുകയുണ്ടായി .പുതിയ പള്ളിയോടു ചേര്‍ന്നു മണിമാളികയും പള്ളിമേടയും പനിയുകയുണ്ടായി .കൂടാതെ പള്ളിക്ക് മനോഹരമായ ചുറ്റുമതില്‍ നിര്‍മ്മിച്ചു.
                 ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച പ്രവര്‍ത്തനങ്ങളും കമ്മറ്റി അംഗങ്ങളുടെയും ഇടവക ജനങ്ങളുടെയും സഹകരണവും മൂലം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു വലിയ ദേവാലയം ചെത്തിക്കോട് ഉഇയര്‍ന്നു കഴിഞ്ഞിരിക്കുന്നു ചെത്തിക്കോട് പ്രദേശത്തെ നാടിനും നാട്ടുകാര്‍ക്കും അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് പരിശുദ്ധ കന്യകാമറിയം ഈ ദേശത്ത് വാണരുളുന്നു 

(അവലംബം ..സുവനീര്‍ മേരി ഇമ്മാക്കുലേറ്റ് ചര്‍ച്ച് ചെത്തിക്കോട് )

                                                      തയ്യാറാക്കിയത്‌ 
                                                               ജോമോന്‍ ജോസഫ്‌ ആരക്കുന്നം